ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ജൂൺ 29, ചൊവ്വാഴ്ച

പുലര്‍കാല സ്വപ്നം


പുലര്‍ക്കാല സ്വപ്നത്തിലൂടെയെന്‍ കണ്‍മണീ

പുലരുന്നെന്‍ ജീവിതത്തിന്‍ പുതുനാമ്പുകള്‍

പുലരുന്നു നാം കണ്ട വര്‍ണ്ണക്കനവുകള്‍

പുലരുന്നുവെന്നില്‍ നിന്നോടുള്ള ലഹരിയും


കലാലയവര്‍ണ്ണങ്ങളില്‍ പാറിപ്പറന്ന നിന്‍

കാമം തുളുമ്പും ചോരച്ചുണ്ടുകളൊപ്പി

കാമുകീ, നീയെണ്റ്റേത്‌ മാത്രമെന്ന്‌

കാമമെഴുമെന്‍ കാമുകഹ്ര്‍ദയം മന്ത്രിച്ച്ചതും


മണിത്താലികെട്ടി ഞാന്‍ നിന്നെ സ്വികരിച്ചതും

മണിവര്‍ണ്ണമൊത്ത നിന്‍ വദനം ചുവന്നതും

മണിവര്‍ണ്ണശോഭയില്‍ ഞാനെന്നെ മറന്നതും

മണിയറവാതില്‍ നമുക്കായ്‌ തുറന്നതും


വ്രീളാഭരിതയായ്‌ നമ്രശിരസ്കയായ്‌ നിന്നനിന്‍

വ്രിത്തമൊത്ത മുഖതാവില്‍ ചുംബിച്ചതും

വ്രീളാവിവശയായ്‌ നിന്ന നിന്‍ പൂമേനി

വീണയായ്‌ മീട്ടുവാനെനിക്ക്‌ തന്നതും


പുലര്‍ക്കാലസ്വപ്നത്തിലൂടെയെന്‍ പ്രിയതമേ

പുലരട്ടെ നമ്മുടെ ജീവിതസ്വപ്നങ്ങള്‍

പുലരട്ടെ നമ്മുടെ സ്നേഹനിശ്വാസങ്ങള്‍

പുലരട്ടെ ദശസഹസ്രം പൊന്‍പുലരികള്‍ വീണ്ടും






2010, ജൂൺ 16, ബുധനാഴ്‌ച

ആവിയായിപ്പോയ ആദ്യപ്രണയം


ചാപിള്ളയായിപ്പോയ എണ്റ്റെ ആദ്യപ്രണയത്തെക്കുറിച്ചാണു ഈ പോസ്റ്റ്‌.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ക്രിസ്തുമസ്കാലം.ഞാന്‍ കോഴഞ്ചേരി സെണ്റ്റ്‌ തോമസ്‌ ബോയ്സ്‌ സ്കൂളില്‍ പത്താം ക്ളാസ്സില്‍ നിരങ്ങുന്നു. അടുത്ത്‌ തന്നെ സെണ്റ്റ്‌ മേരീസ്‌ ഗേള്‍സ്‌ സ്കൂളുമുണ്ട്‌. രണ്ട്‌ സ്കൂളുകളെയും തമ്മില്‍ ബന്ധിപ്പിച്ച്‌ അപ്സര, വിദ്യ എന്നീ റ്റ്യൂഷന്‍ സെണ്റ്ററുകളുമുണ്ട്‌.


ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളായത്‌ കൊണ്ട്‌ പെണ്ണുങ്ങളേ കാണാണ്‍ വേണ്ടി മാത്രം റ്റ്യൂഷനു വരുന്ന ആണുങ്ങളുണ്ട്‌ (പെണ്ണുങ്ങളുടെ കാര്യം അറിയില്ല്യാട്ടോ).ആണ്‍കുട്ടികളുടെ കണ്ണിണ്റ്റെ ഈ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ്‌ ദ സുഡാഫിക്കേഷന്‍ കണ്ടിട്ടാവണം വിദ്യാ കോളെജിലെ ബിജുസാര്‍ ആണ്‍കുട്ടികളെയെല്ലാം മുന്‍ നിരയിലെ ബഞ്ചുകളിലും പെങ്കുട്ടികളെ പുറകിലെ ബഞ്ചുകളിലുമിരുത്തിയത്‌. അങ്ങനെ ഞങ്ങള്‍ ആണുങ്ങളുടെയെല്ലാം ലഡ്ഡു ഒരുമിച്ച്‌ പൊട്ടി. പിന്നെന്ത്‌ ചെയ്യും......ഇടനാഴിയില്‍ വച്ച്‌ കാണാം. അത്ര തന്നെ.


ആയിടയ്ക്കാണു എണ്റ്റെയുള്ളിലും പ്രേമം എന്ന വികാരം ഐലണ്റ്റ്‌ എക്സ്പ്രസ്സ്‌ പോലെ പാഞ്ഞ്‌ വന്നത്‌. അനൂപിനു സെലിനുണ്ട്‌, ദീപേഷിനു അമ്പിളിയുണ്ട്‌ പിന്നെ എനിക്കെന്ത്കൂടായിക്കൂടാ?? ഞാന്‍ തീരുമാനിച്ചു- എനിക്കും പ്രേമിക്കണം.


അടുത്ത പ്രശ്നം- ആരെ പ്രേമിക്കും? പ്രേമിക്കാന്‍ പറ്റിയവരുടെ ലിസ്റ്റെടുത്തു (ജാതിയും മതവും നിറവും സൈസുമെല്ലാം നോക്കിത്തന്നെ). ഒരാഴ്ചയായിട്ടും ഫൈനല്‍ തിരുമാനത്തിലെത്താനായില്ല്‌.. കണ്‍ഫ്യൂഷന്‍ തന്നെ കന്‍ഫ്യൂഷന്‍..അവസാനം നമ്മുടെ കേരളാ കോണ്‍ഗ്രസ്സ്‌(ജേക്കബ്‌) മന്ത്രിസ്ഥാനം ആര്‍ക്കെന്നറിയാന്‍ നറുക്കിട്ടത്‌ പോലെ,ഞാന്‍ ആരെയാണു പ്രേമിക്കേണ്ടതെന്നു ഞാനറിയാന്‍ ഞാന്‍ തന്നെ നറുക്കിട്ടു (ഹൊ.. എണ്റ്റെ പുത്തിയേ... എന്നെ സമ്മതിക്കണം കേട്ടോ).


നറുക്ക്‌ ആ കുട്ടിക്ക്‌ വീണു. അവള്‍ ഇപ്പോള്‍ വിവാഹം കഴിച്ച്‌ ഒരമ്മയയതിനാലും, എണ്റ്റെ സുരക്ഷയെക്കരുതിയും അവളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല.


അടുത്ത പ്രശ്നം- എങ്ങനെ അവളോട്‌ പറയും? അവളുടെ ക്ളാസ്സില്‍ എണ്റ്റെ ഒരയല്‍ക്കാരി കുട്ടിയുണ്ട്‌. അവളെ ഹംസമാക്കിയാലോ? വേണ്ട്‌.. അവള്‍ വീട്ട്കാരോടാരോടെങ്കിലും പറഞ്ഞാലോ? അത്‌ വേണ്ട. ഡോണ്ടൂ.. ഡോണ്ടൂ....


അങ്ങനെ നേരിട്ട്‌ പറയന്‍ തീരുമാനിച്ചു. കണ്ടിട്ടുള്ള സിനിമകളൊക്കെ ധ്യാനിച്ച്‌ നോക്കി.. രക്ഷയില്ല.കണ്ണാടിയുടെ മുന്‍പില്‍ നിന്നു, കണ്ണാടി അവളായി സങ്കല്‍പ്പിച്ച്‌ റിഹേഴ്സലെടുത്തു. ആ ബുധനാഴ്ച എണ്റ്റെ പ്രണയം അവളെ അറിയിക്കാന്‍ തെരഞ്ഞെടുത്തു (ബുധനാഴ്ചയാണല്ലൊ കളര്‍ ഡ്രസ്സിടന്‍ പറ്റുന്നത്‌, ബാക്കി ദിവസമെല്ലാം യൂണിഫോമാണു).


ബുധനാഴ്ച രാവിലെ കുളിച്ച്‌ കുട്ടപ്പനായി വിദ്യാ റ്റ്യൂഷന്‍ സെണ്റ്ററിണ്റ്റെ താഴത്തെ ഇടനാഴിയില്‍ കാത്ത്‌ നിന്നു (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ എന്നു ചോദിക്കരുത്‌). നേരിട്ട്‌ തന്നെ അവളൊട്‌ പറയണം. പ്രേമലേഖനമൊന്നുമെഴുതിയിരുന്നില്ല, അതു കൊടുത്ത്‌ അവള്‍ക്കിഷ്ട്ടപ്പെട്ടില്ലെങ്കില്‍ അത്‌ അവളുടെ രക്ഷിതക്കളേയോ റ്റീച്ചര്‍മാരെയോ കാണിച്ചാല്‍.. അത്‌ വേണ്ട.. ഡോണ്ടൂ.ഡോണ്ടൂ..(എണ്റ്റെയൊരു പുത്തിയേ.....അന്യായ പുത്തിയല്ലിയോ.. ?)


ഇപ്പൊഴും ഓര്‍ക്കുന്നു- അവള്‍ അന്നൊരു നീലച്ചുരിദാറായിരുന്നു ധരിച്ചിരുന്നത്‌, ഡ്രസ്സും ഷാളുമെല്ലാം നീലമയം.അവള്‍ നടന്നരികിലെത്തിയപ്പോള്‍ ഞാന്‍ അവളേ വിളിച്ച്‌ അവളൊടുള്ള എണ്റ്റെ പ്രണയം ഒറ്റശ്വാസത്തിലവതരിപ്പിച്ചു ( ആ നേരത്തെ വെപ്രാളത്തില്‍ അവളൊട്‌ പറയാന്‍ ഒരുക്കിവച്ചിരുന്ന പ്രണയഡയലൊഗുകള്‍ ഞാന്‍ മറന്ന്പൊയിരുന്നു). അവളാണെങ്കില്‍ 'പൊട്ടി സ്റ്റ്രോബറി കണ്ടപോലെ' അന്തംവിട്ട്‌ വായും പൊളിച്ച്‌ നില്‍ക്കുകയാണു. പിന്നെ ഒരു ആറേഴ്‌ സെക്കണ്റ്റ്‌ കഴിഞ്ഞ്‌ ഒരു ചെറിയ ചിരിയും സമ്മാനിച്ച്‌ അവള്‍ ഒന്നാം നിലയിലെ ക്ളാസ്സിലേക്ക്‌ പോയി. ഇടയ്ക്ക്‌ തിരിഞ്ഞ്‌ നോക്കി 'പിന്നെപ്പറയാം' എന്നു പറഞ്ഞു. തള്ളേ പിന്നല്ലിയോ കാത്തിരിപ്പിണ്റ്റെ വേദനയറിഞ്ഞത്‌.. ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടന്നിട്ടുറക്കം വരിന്നില്ല. ആകെയോരു മന്ദത..


വെള്ളിയാഴ്ചയായി, അന്നും ഉത്തരത്തിനുവേണ്ടി രാവിലെ ഇടനാഴിയില്‍ കണ്ണിലോയിലോഴിച്ച്‌ കാത്ത്‌ നിന്നു. ഉത്തരം കിട്ടിയില്ല. പിന്നെ ശനിയും ഞായറും അവധി... ഒരു തരത്തില്‍ പറ്റിന്നില്ല.. ആകെയൊരു മന്ദത. ഇന്നു എന്തു വന്നാലും അവളുടെ വായില്‍ നിന്നു യേസ്‌ അല്ലെങ്കില്‍ നോ എന്ന ഉത്തരം കിട്ടണമെന്നു തീരുമാനിച്ചു. ഉത്തരമെന്തായാലും വേണ്ടില്ല, ഈ കാത്തിരിപ്പ്‌ ഈസ്‌ അണ്‍സഹിക്കബിള്‍


എന്നിട്ടെന്ത്‌ പറ്റി? ഓ, ഇതീക്കൂടുതലെന്നാ പറ്റാനാ... ഇഷ്ടമില്ലാത്തവരോട്‌ മലയാളിപെണ്ണുങ്ങള്‍ കാണിക്കുന്ന ഒരുതരം മുടിഞ്ഞ 'സഹോദരസ്നേഹം' ഉണ്ടല്ലോ.. ആ.. അതുതന്നെ. അപ്പോഴാണു 'ലത്‌ കളഞ്ഞുപോയ അണ്ണാനെപ്പോലെ' എന്ന ബനാനാറ്റോക്കിണ്റ്റെ മീനിംഗ്‌ ശരിക്കും പിടികിട്ടിയത്‌.


പക്ഷേ, സാധാരണ നിരാശാകാമുകന്‍മാരെപ്പോലെ താടിയും മുടിയും നീട്ടിവളര്‍ത്തി, മാനസമൈനേ പാടി, മധുവിനു പഡ്ഡിക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു (ഒരുക്കമായിരുന്നെങ്കില്‍ത്തന്നെ അന്ന്‌ താടിയും മീശയുമൊക്കെ പൊട്ടിമുളച്ച്‌ വരുന്നതേയുള്ളായിരുന്നു). എണ്റ്റെ കാത്തിരിപ്പിണ്റ്റെ ഭാരം കഴിഞ്ഞു, ആക്റ്റീവായി, ഭയങ്കര സന്തോഷം. പിന്നേന്ന്‌ മമ്മിയുടെ ബാഗില്‍നിന്നും ഇരുനൂറു രൂപ അടിച്ച്മാറ്റി, കൂട്ട്കാര്‍ക്കെല്ലാം ജീവാ ബേക്കറിയില്‍ നിന്നും പപ്സും ജ്യൂസും വാങ്ങിക്കൊടുത്താഖോഷിച്ചു (അന്നു വെള്ളമടി തുടങ്ങിയിട്ടില്ലായിരുന്നു, ഇപ്പോള്‍ നിര്‍ത്തി).


പിന്നെ കോളേജില്‍ കയറിയിട്ടും എണ്റ്റെ മനസ്സിലേക്ക്‌ പ്രേമം, പ്രണയം മണ്ണാങ്കട്ട എന്നീ വികാരങ്ങല്‍ വന്നിട്ടില്ല. പിന്നെ പ്രേമിച്ചത്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞാണു. എട്ട്‌ ദിവസം ഞാന്‍ ശരിക്കും പ്രേമിച്ചു (സംശയിക്കണ്ട, റ്റൂ-വേ പ്രേമം തന്നെയായിരുന്നു). വിവാഹനിശ്ചയത്തിണ്റ്റെയും കല്യാണത്തിണ്റ്റെയുമിടയ്ക്കുണ്ടായിരുന്ന എട്ട്‌ ദിവസങ്ങള്‍ ഞാന്‍ തകര്‍ത്ത്‌ പ്രേമിച്ചു. സംശയിക്കണ്ട, എണ്റ്റെ ഭാര്യയെത്തന്നെയായിരുന്നു പ്രേമിച്ചത്‌. ആ ദിവ്യപ്രണയം ഇന്നും തുടരുന്നു.....
ഭാര്യയുമൊത്തുള്ള ഒരു കായല്‍ യാത്രയുടെ ഫോട്ടോയാണു മുകളില്‍ കൊടുത്തിരിക്കുന്നത്‌.








2010, ജൂൺ 14, തിങ്കളാഴ്‌ച

ഒന്നാം വിവാഹവാര്‍ഷീകം


വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷം.. ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.. സ്നേഹത്തിണ്റ്റെയും നിഷ്കളങ്കതയുടെയും പ്രതികമായ എണ്റ്റെ റിന്‍സിയോടൊത്തുള്ള ഒരു വര്‍ഷം. ഭാര്യയും ഭര്‍ത്താവും ഒരു ശരീരമാണെന്നും ഭര്‍ത്താവ്‌ ഭാര്യയുടെ തലയാണെന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ അതുപോലെ ജീവിതത്തില്‍ പകര്‍ത്തുന്ന എണ്റ്റെ ഭാര്യ, എന്നില്‍ തെറ്റ്‌ കണ്ടാല്‍ അതു സ്നേഹപൂര്‍വ്വം ചൂണ്ടിക്കാണിച്ച്‌ തരുന്നവള്‍, എങ്ങനെയും പെണ്‍കുട്ടികളുണ്ടെന്നു സ്വന്തം ജീവിതത്തില്‍ക്കൂടി എനിക്ക്‌ കാണിച്ച്‌ തന്നവള്‍. ചില സമയത്ത്‌ ഉത്തരം മുട്ടുമ്പോള്‍ അവളുടെ കവിളില്‍ പതിക്കുന്ന എണ്റ്റെ കൈകളെ ഞാന്‍ തന്നെ ശപിച്ചിട്ടുണ്ട്‌. അപ്പോഴും എണ്റ്റെ കൈയ്യില്‍ ഉമ്മ തരുന്ന സ്നേഹനിധിയാണെണ്റ്റെ റിന്‍സി. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള്‌ ഭര്‍ത്താവ്‌ ഞാനാണെന്ന്‌ പറയനുള്ള സാഹചര്യമൊരുക്കിത്തന്ന എണ്റ്റെ റിന്‍സിയൊടൊത്തുള്ള ജീവിതത്തിനു ഇന്ന്‌ ഒരു വയസ്സ്‌.

രണ്ടായിരത്തൊമ്പത്‌ ജൂണ്‍ പതിനഞ്ചിനു കോഴഞ്ചേരി മാര്‍തോമ വലിയപള്ളിയില്‍ ജോജിയച്ചണ്റ്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അത്‌ കഴിഞ്ഞ്‌ പതിനെട്ടാം നാള്‍ കുവൈറ്റിലേക്ക്‌ വിമാനം കയറിയപ്പോള്‍ നെഞ്ചിണ്റ്റെ പകുതി കേരളത്തില്‍ വെച്ച്‌ പോകുന്ന പ്രതിതിയായിരുന്നു. എതോ ഒരു സിനിമയില്‍ നടന്‍ മുരളി പറഞ്ഞ വാചകം അതിണ്റ്റെ പൂര്‍ണ്ണ അര്‍ത്ധത്തില്‍ ഞാന്‍ മനസ്സിലാക്കിയതന്നാണു-"ഭാര്യയ്ക്കും ഭര്‍ത്താവിനും ശാരീരികബന്ധത്തേക്കാള്‍ വലിയ വേറൊരു ബന്ധമുണ്ട്‌".

കുവൈറ്റില്‍ വന്നുടനേ ഫാമിലി വിസായെടുത്ത്‌ നാട്ടിലേക്കയച്ചു കൊടുത്തു. ഫോര്‍മാലിറ്റിയെല്ലാം കഴിഞ്ഞ്‌ ഓഗസ്റ്റ്‌ ഇരുപത്തെട്ടാം തീയതി റിന്‍സി കുവൈറ്റിലെത്തി. ആ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നെഞ്ചിണ്റ്റെ ബാക്കി പകുതി എനിക്ക്‌ തിരിച്ച്‌ കിട്ടിയത്പോലെ....

എണ്റ്റെയോപ്പമുണ്ടായിരുന്ന കഴിഞ്ഞ പത്ത്‌ മാസത്തില്‍ പല പ്രാവശ്യം അവളുമായി വഴക്കിട്ട്‌ അവളേ വേദനിപ്പിച്ചിട്ടുണ്ട്‌.അതില്‍ ഞാന്‍ വേദനിക്കുന്നു.

പ്രീയപ്പെട്ട എണ്റ്റെ റിന്‍സീ, നിന്നെ വേദനിപ്പിച്ചതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നിണ്റ്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ദൈവം എനിക്കു തന്ന ഏറ്റവും വലിയ നിധിയാണു നീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ ഒന്നം വിവാഹ വാര്‍ഷീകത്തില്‍ ഈ പോസ്റ്റ്‌ നിനക്കായ്‌ സമര്‍പ്പിക്കുന്നു.

2010, ജൂൺ 1, ചൊവ്വാഴ്ച

സ്നേഹപൂര്‍വ്വം നഴ്സുമാര്‍ക്ക്‌

നഴ്സിംഗ്‌ ഒരു വിശുദ്ധമായ പ്രൊഫഷനാണു. സഹജീവികളുടെ കണ്ണുനീരും വേദനയും തങ്ങളുടെ പുഞ്ചിരിയില്‍ക്കൂടെയും,ആശ്വാസവാക്കുകളില്‍ക്കൂടിയും സ്നേഹപൂര്‍വ്വമുള്ള ഒരു സ്പര്‍ശനത്തില്‍ ക്കൂടെയും ഒപ്പിയെടുക്കാന്‍ കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. (എണ്റ്റെ ഭാര്യയും ഒരു നഴ്സാണു)

ചില ആള്‍ക്കാരെപ്പോലെ ഞാനും ഒരിക്കല്‍ നഴ്സുമാരെ വേറൊരു കണ്ണില്‍കൂടെ നോക്കിയിരുന്നു. എന്നാല്‍ നഴ്സുമാരുടെ മഹത്വം ഞാന്‍ അനുഭവിച്ചറിഞ്ഞത്‌ ഏഴു വര്‍ഷം മുന്‍പ്‌ കോഴഞ്ചേരി പൊയ്യാനില്‍ ആശുപത്രിയില്‍ വച്ചായിരുന്നു.എണ്റ്റെ കാലില്‍ ഒരു ആണി കൊണ്ട്‌ റ്റെറ്റനസായി, കൂടെ കടുത്ത പനിയും, ബ്ളഡിലെ പ്ളേറ്റ്ലെറ്റ്സിണ്റ്റെ അളവ്‌ വളരെയധികം കുറഞ്ഞു- രണ്ടാഴ്ച കിടന്നു.അപ്പോഴാണു നഴ്സ്‌ എന്നതിണ്റ്റെ ശരിക്കുള്ള മീനിംഗ്‌ മനസ്സിലായത്‌. ആശ്വാസവാക്കുകള്‍ പറഞ്ഞ്‌, സ്നേഹപൂര്‍വ്വമുള്ള തലോടലുകളുമായി സഹോദരിമാരെപ്പോലെ അല്ലെങ്കില്‍ സ്വന്തം അമ്മയെ പ്പോലെ അവര്‍ എന്നെ ശുശ്രൂഷിച്ചു.ഡിസ്ചാര്‍ജായപ്പോള്‍ എല്ലാ നഴ്സുമാരെയും നഴ്സസ്‌ റൂമില്‍ പോയി കണ്ട്‌ നന്ദി പറഞ്ഞിട്ടാണു വീട്ടില്‍ വന്നതു.

ഇത്‌ ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്‌.ഇവിടെ കുവൈറ്റില്‍ ലേബര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്ന എണ്റ്റെ ഒരു കൂട്ട്കാരന്‍ ഹോസ്പിറ്റലില്‍ പോയ കാര്യം എന്നോട്‌ പറഞ്ഞു. അവന്‍ പറയുകയാണു- എന്നെ അവിടുത്തെ നഴ്സ്‌ ഒരു പട്ടിയെ പോലെയാണു നോക്കിയത്‌, മാസം ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നതിണ്റ്റെ അഹങ്കാരമാണു അവളുമാര്‍ക്ക്‌ എന്നു.ഞാന്‍ അവനോട്‌ ആ നഴ്സിനു എന്തെങ്കിലും റ്റെന്‍ഷനോ മറ്റോ കാണുമായിരിക്കും എന്നു പറഞ്ഞ്‌ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ഒരു രോഗിയോട്‌ ഇങ്ങനെ പെരുമാറാമൊ എന്ന അവണ്റ്റെ ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.

പ്രീയപ്പെട്ട നഴ്സ്‌ സഹോദരിമാരേ, ഇത്‌ ഒരു കുറ്റപ്പെടുത്തലായി കാണരുത്‌.ഞങ്ങള്‍ രോഗികളായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങളെ ശുശ്രൂഷിക്കുന്ന്‌ നിങ്ങളേ ഒരു സഹോദരിയായോ അമ്മയായോ ഒക്കെയാണു കാണുന്നത്‌. തീര്‍ച്ചയായും അല്ലാത്തവരും ഉണ്ട്‌, ഇല്ലെന്നു ഞാന്‍ പറയില്ല.എന്നാലും നിങ്ങളുടെ ഒരു പുഞ്ചിരി, സ്നേഹത്തോടെയുള്ള കുറച്ച്‌ ആശ്വാസവാക്കുകള്‍- ഇതിക്കെ ഞങ്ങള്‍ക്ക്‌ ആ രോഗക്കിടക്കയില്‍ അമ്രിത്‌ പോലെയാണു.

നിങ്ങള്‍ക്കും പ്രശ്നങ്ങളും ജോലിസംബന്ധമായ റ്റെന്‍ഷനും കാണും, ഇല്ലെന്നല്ല. പക്ഷെ നഴ്സിംഗ്‌ എന്ന പ്രൊഫഷനില്‍ ദേഷ്യവും അഹങ്കാരവും ഒരിക്കലും കടന്നുവരാന്‍ അനുവദിക്കരുത്‌. ഒരു രോഗി സുഖം പ്രാപിച്ച്‌ ആശുപത്രി വിടുമ്പോള്‍ അവണ്റ്റെ മനസ്സിലുള്ള നഴ്സിണ്റ്റെ മുഖം ഒരു മാലാഖയുടേതായിരിക്കും. നിങ്ങള്‍ക്ക്‌ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും.

ഈ ലേഖനം നഴ്സുമാരെ കുറ്റപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയല്ല എഴുതിയത്‌.ഒരിക്കലും അങ്ങനെ കരുതരുത്‌. തണ്റ്റെ ദേഷ്യം ഒരിക്കലും ഒരു രോഗിയോട്‌ പ്രകടിപ്പിക്കരുത്‌ എന്നോര്‍മ്മിപ്പിക്കാന്‍ മാത്രമാണിതെഴുതിയത്‌.കാരണം രോഗിയുടെ മനസ്സില്‍ നഴ്സ്‌ എന്നാല്‍ മാലാഖയാണു. സ്നേഹമുള്ള, പുഞ്ചിരി തൂകുന്ന, വേദനയകറ്റുന്ന ഭൂമിയിലെ മാലാഖ... അത്‌ അങ്ങനെ തന്നെയിരിക്കട്ടെ....