ലോകാ സമസ്താ സുഖിനോ ഭവന്തു

2010, ജൂൺ 16, ബുധനാഴ്‌ച

ആവിയായിപ്പോയ ആദ്യപ്രണയം


ചാപിള്ളയായിപ്പോയ എണ്റ്റെ ആദ്യപ്രണയത്തെക്കുറിച്ചാണു ഈ പോസ്റ്റ്‌.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയാറു ക്രിസ്തുമസ്കാലം.ഞാന്‍ കോഴഞ്ചേരി സെണ്റ്റ്‌ തോമസ്‌ ബോയ്സ്‌ സ്കൂളില്‍ പത്താം ക്ളാസ്സില്‍ നിരങ്ങുന്നു. അടുത്ത്‌ തന്നെ സെണ്റ്റ്‌ മേരീസ്‌ ഗേള്‍സ്‌ സ്കൂളുമുണ്ട്‌. രണ്ട്‌ സ്കൂളുകളെയും തമ്മില്‍ ബന്ധിപ്പിച്ച്‌ അപ്സര, വിദ്യ എന്നീ റ്റ്യൂഷന്‍ സെണ്റ്ററുകളുമുണ്ട്‌.


ആണ്‍കുട്ടികള്‍ മാത്രമുള്ള സ്കൂളായത്‌ കൊണ്ട്‌ പെണ്ണുങ്ങളേ കാണാണ്‍ വേണ്ടി മാത്രം റ്റ്യൂഷനു വരുന്ന ആണുങ്ങളുണ്ട്‌ (പെണ്ണുങ്ങളുടെ കാര്യം അറിയില്ല്യാട്ടോ).ആണ്‍കുട്ടികളുടെ കണ്ണിണ്റ്റെ ഈ ഡിങ്കോള്‍ഫിക്കേഷന്‍ ഓഫ്‌ ദ സുഡാഫിക്കേഷന്‍ കണ്ടിട്ടാവണം വിദ്യാ കോളെജിലെ ബിജുസാര്‍ ആണ്‍കുട്ടികളെയെല്ലാം മുന്‍ നിരയിലെ ബഞ്ചുകളിലും പെങ്കുട്ടികളെ പുറകിലെ ബഞ്ചുകളിലുമിരുത്തിയത്‌. അങ്ങനെ ഞങ്ങള്‍ ആണുങ്ങളുടെയെല്ലാം ലഡ്ഡു ഒരുമിച്ച്‌ പൊട്ടി. പിന്നെന്ത്‌ ചെയ്യും......ഇടനാഴിയില്‍ വച്ച്‌ കാണാം. അത്ര തന്നെ.


ആയിടയ്ക്കാണു എണ്റ്റെയുള്ളിലും പ്രേമം എന്ന വികാരം ഐലണ്റ്റ്‌ എക്സ്പ്രസ്സ്‌ പോലെ പാഞ്ഞ്‌ വന്നത്‌. അനൂപിനു സെലിനുണ്ട്‌, ദീപേഷിനു അമ്പിളിയുണ്ട്‌ പിന്നെ എനിക്കെന്ത്കൂടായിക്കൂടാ?? ഞാന്‍ തീരുമാനിച്ചു- എനിക്കും പ്രേമിക്കണം.


അടുത്ത പ്രശ്നം- ആരെ പ്രേമിക്കും? പ്രേമിക്കാന്‍ പറ്റിയവരുടെ ലിസ്റ്റെടുത്തു (ജാതിയും മതവും നിറവും സൈസുമെല്ലാം നോക്കിത്തന്നെ). ഒരാഴ്ചയായിട്ടും ഫൈനല്‍ തിരുമാനത്തിലെത്താനായില്ല്‌.. കണ്‍ഫ്യൂഷന്‍ തന്നെ കന്‍ഫ്യൂഷന്‍..അവസാനം നമ്മുടെ കേരളാ കോണ്‍ഗ്രസ്സ്‌(ജേക്കബ്‌) മന്ത്രിസ്ഥാനം ആര്‍ക്കെന്നറിയാന്‍ നറുക്കിട്ടത്‌ പോലെ,ഞാന്‍ ആരെയാണു പ്രേമിക്കേണ്ടതെന്നു ഞാനറിയാന്‍ ഞാന്‍ തന്നെ നറുക്കിട്ടു (ഹൊ.. എണ്റ്റെ പുത്തിയേ... എന്നെ സമ്മതിക്കണം കേട്ടോ).


നറുക്ക്‌ ആ കുട്ടിക്ക്‌ വീണു. അവള്‍ ഇപ്പോള്‍ വിവാഹം കഴിച്ച്‌ ഒരമ്മയയതിനാലും, എണ്റ്റെ സുരക്ഷയെക്കരുതിയും അവളുടെ പേരു ഞാന്‍ വെളിപ്പെടുത്തുന്നില്ല.


അടുത്ത പ്രശ്നം- എങ്ങനെ അവളോട്‌ പറയും? അവളുടെ ക്ളാസ്സില്‍ എണ്റ്റെ ഒരയല്‍ക്കാരി കുട്ടിയുണ്ട്‌. അവളെ ഹംസമാക്കിയാലോ? വേണ്ട്‌.. അവള്‍ വീട്ട്കാരോടാരോടെങ്കിലും പറഞ്ഞാലോ? അത്‌ വേണ്ട. ഡോണ്ടൂ.. ഡോണ്ടൂ....


അങ്ങനെ നേരിട്ട്‌ പറയന്‍ തീരുമാനിച്ചു. കണ്ടിട്ടുള്ള സിനിമകളൊക്കെ ധ്യാനിച്ച്‌ നോക്കി.. രക്ഷയില്ല.കണ്ണാടിയുടെ മുന്‍പില്‍ നിന്നു, കണ്ണാടി അവളായി സങ്കല്‍പ്പിച്ച്‌ റിഹേഴ്സലെടുത്തു. ആ ബുധനാഴ്ച എണ്റ്റെ പ്രണയം അവളെ അറിയിക്കാന്‍ തെരഞ്ഞെടുത്തു (ബുധനാഴ്ചയാണല്ലൊ കളര്‍ ഡ്രസ്സിടന്‍ പറ്റുന്നത്‌, ബാക്കി ദിവസമെല്ലാം യൂണിഫോമാണു).


ബുധനാഴ്ച രാവിലെ കുളിച്ച്‌ കുട്ടപ്പനായി വിദ്യാ റ്റ്യൂഷന്‍ സെണ്റ്ററിണ്റ്റെ താഴത്തെ ഇടനാഴിയില്‍ കാത്ത്‌ നിന്നു (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ എന്നു ചോദിക്കരുത്‌). നേരിട്ട്‌ തന്നെ അവളൊട്‌ പറയണം. പ്രേമലേഖനമൊന്നുമെഴുതിയിരുന്നില്ല, അതു കൊടുത്ത്‌ അവള്‍ക്കിഷ്ട്ടപ്പെട്ടില്ലെങ്കില്‍ അത്‌ അവളുടെ രക്ഷിതക്കളേയോ റ്റീച്ചര്‍മാരെയോ കാണിച്ചാല്‍.. അത്‌ വേണ്ട.. ഡോണ്ടൂ.ഡോണ്ടൂ..(എണ്റ്റെയൊരു പുത്തിയേ.....അന്യായ പുത്തിയല്ലിയോ.. ?)


ഇപ്പൊഴും ഓര്‍ക്കുന്നു- അവള്‍ അന്നൊരു നീലച്ചുരിദാറായിരുന്നു ധരിച്ചിരുന്നത്‌, ഡ്രസ്സും ഷാളുമെല്ലാം നീലമയം.അവള്‍ നടന്നരികിലെത്തിയപ്പോള്‍ ഞാന്‍ അവളേ വിളിച്ച്‌ അവളൊടുള്ള എണ്റ്റെ പ്രണയം ഒറ്റശ്വാസത്തിലവതരിപ്പിച്ചു ( ആ നേരത്തെ വെപ്രാളത്തില്‍ അവളൊട്‌ പറയാന്‍ ഒരുക്കിവച്ചിരുന്ന പ്രണയഡയലൊഗുകള്‍ ഞാന്‍ മറന്ന്പൊയിരുന്നു). അവളാണെങ്കില്‍ 'പൊട്ടി സ്റ്റ്രോബറി കണ്ടപോലെ' അന്തംവിട്ട്‌ വായും പൊളിച്ച്‌ നില്‍ക്കുകയാണു. പിന്നെ ഒരു ആറേഴ്‌ സെക്കണ്റ്റ്‌ കഴിഞ്ഞ്‌ ഒരു ചെറിയ ചിരിയും സമ്മാനിച്ച്‌ അവള്‍ ഒന്നാം നിലയിലെ ക്ളാസ്സിലേക്ക്‌ പോയി. ഇടയ്ക്ക്‌ തിരിഞ്ഞ്‌ നോക്കി 'പിന്നെപ്പറയാം' എന്നു പറഞ്ഞു. തള്ളേ പിന്നല്ലിയോ കാത്തിരിപ്പിണ്റ്റെ വേദനയറിഞ്ഞത്‌.. ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, കിടന്നിട്ടുറക്കം വരിന്നില്ല. ആകെയോരു മന്ദത..


വെള്ളിയാഴ്ചയായി, അന്നും ഉത്തരത്തിനുവേണ്ടി രാവിലെ ഇടനാഴിയില്‍ കണ്ണിലോയിലോഴിച്ച്‌ കാത്ത്‌ നിന്നു. ഉത്തരം കിട്ടിയില്ല. പിന്നെ ശനിയും ഞായറും അവധി... ഒരു തരത്തില്‍ പറ്റിന്നില്ല.. ആകെയൊരു മന്ദത. ഇന്നു എന്തു വന്നാലും അവളുടെ വായില്‍ നിന്നു യേസ്‌ അല്ലെങ്കില്‍ നോ എന്ന ഉത്തരം കിട്ടണമെന്നു തീരുമാനിച്ചു. ഉത്തരമെന്തായാലും വേണ്ടില്ല, ഈ കാത്തിരിപ്പ്‌ ഈസ്‌ അണ്‍സഹിക്കബിള്‍


എന്നിട്ടെന്ത്‌ പറ്റി? ഓ, ഇതീക്കൂടുതലെന്നാ പറ്റാനാ... ഇഷ്ടമില്ലാത്തവരോട്‌ മലയാളിപെണ്ണുങ്ങള്‍ കാണിക്കുന്ന ഒരുതരം മുടിഞ്ഞ 'സഹോദരസ്നേഹം' ഉണ്ടല്ലോ.. ആ.. അതുതന്നെ. അപ്പോഴാണു 'ലത്‌ കളഞ്ഞുപോയ അണ്ണാനെപ്പോലെ' എന്ന ബനാനാറ്റോക്കിണ്റ്റെ മീനിംഗ്‌ ശരിക്കും പിടികിട്ടിയത്‌.


പക്ഷേ, സാധാരണ നിരാശാകാമുകന്‍മാരെപ്പോലെ താടിയും മുടിയും നീട്ടിവളര്‍ത്തി, മാനസമൈനേ പാടി, മധുവിനു പഡ്ഡിക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു (ഒരുക്കമായിരുന്നെങ്കില്‍ത്തന്നെ അന്ന്‌ താടിയും മീശയുമൊക്കെ പൊട്ടിമുളച്ച്‌ വരുന്നതേയുള്ളായിരുന്നു). എണ്റ്റെ കാത്തിരിപ്പിണ്റ്റെ ഭാരം കഴിഞ്ഞു, ആക്റ്റീവായി, ഭയങ്കര സന്തോഷം. പിന്നേന്ന്‌ മമ്മിയുടെ ബാഗില്‍നിന്നും ഇരുനൂറു രൂപ അടിച്ച്മാറ്റി, കൂട്ട്കാര്‍ക്കെല്ലാം ജീവാ ബേക്കറിയില്‍ നിന്നും പപ്സും ജ്യൂസും വാങ്ങിക്കൊടുത്താഖോഷിച്ചു (അന്നു വെള്ളമടി തുടങ്ങിയിട്ടില്ലായിരുന്നു, ഇപ്പോള്‍ നിര്‍ത്തി).


പിന്നെ കോളേജില്‍ കയറിയിട്ടും എണ്റ്റെ മനസ്സിലേക്ക്‌ പ്രേമം, പ്രണയം മണ്ണാങ്കട്ട എന്നീ വികാരങ്ങല്‍ വന്നിട്ടില്ല. പിന്നെ പ്രേമിച്ചത്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞാണു. എട്ട്‌ ദിവസം ഞാന്‍ ശരിക്കും പ്രേമിച്ചു (സംശയിക്കണ്ട, റ്റൂ-വേ പ്രേമം തന്നെയായിരുന്നു). വിവാഹനിശ്ചയത്തിണ്റ്റെയും കല്യാണത്തിണ്റ്റെയുമിടയ്ക്കുണ്ടായിരുന്ന എട്ട്‌ ദിവസങ്ങള്‍ ഞാന്‍ തകര്‍ത്ത്‌ പ്രേമിച്ചു. സംശയിക്കണ്ട, എണ്റ്റെ ഭാര്യയെത്തന്നെയായിരുന്നു പ്രേമിച്ചത്‌. ആ ദിവ്യപ്രണയം ഇന്നും തുടരുന്നു.....
ഭാര്യയുമൊത്തുള്ള ഒരു കായല്‍ യാത്രയുടെ ഫോട്ടോയാണു മുകളില്‍ കൊടുത്തിരിക്കുന്നത്‌.








6 അഭിപ്രായങ്ങൾ:

നിരാശകാമുകന്‍ പറഞ്ഞു...

വായിച്ചു, കൊള്ളാം..
ഇതിവളുമാരുടെ ഒരു സ്ഥിരം നമ്പറാണെന്നേ..നമ്മളൊക്കെ വളരെ കഷ്ടപ്പെട്ടു, ഉള്ളിലെ ഇഷ്ടം എങ്ങനെയൊക്കെയോ ഒന്ന് തുറന്നു പറയുമ്പോള്‍ അവള് പറയും നീ എനിക്ക് പിറക്കാതെ പോയ എന്‍റെ ചേട്ടന്‍ ആണത്രേ..
കുന്തം... എന്നിട്ട് അവളു പോയി,നമ്മളെക്കാളും അല്‍പ്പം കൂടി മൊഞ്ചുള്ള,അല്‍പ്പം കൂടി എന്തൊക്കെയോ ഉള്ള ഒരുത്തനെ പ്രേമിക്കും..
അപ്പോള്‍ പാവം നമ്മളാരായി..?
അവന്‍ അവള്‍ക്കു സഹോദരന്‍ അല്ലായിരിക്കും അല്ലെ..?

ഭായി പറഞ്ഞു...

ആഹ..ആഹഹഹഹ...പറ്റിയ ആശാൻ തന്നെ ആദ്യം വന്ന് കമന്റിട്ടിരിക്കുന്നത്. :)

Naushu പറഞ്ഞു...

>> പിന്നെ കോളേജില്‍ കയറിയിട്ടും എണ്റ്റെ മനസ്സിലേക്ക്‌ പ്രേമം, പ്രണയം മണ്ണാങ്കട്ട എന്നീ വികാരങ്ങല്‍ വന്നിട്ടില്ല. പിന്നെ പ്രേമിച്ചത്‌ പന്ത്രണ്ട്‌ വര്‍ഷം കഴിഞ്ഞാണു. <<

ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇതുപോലൊരു പോസ്റ്റ്‌ നല്ലതാ...

കൂതറHashimܓ പറഞ്ഞു...

>>>സംശയിക്കണ്ട, എണ്റ്റെ ഭാര്യയെത്തന്നെയായിരുന്നു പ്രേമിച്ചത്<<<
അയ്യേ സ്വന്തം വൈഫിനെ വരെ വെറുതെ വിടാത്തവന്‍ ... :)

Ajmel Kottai പറഞ്ഞു...

അനുരാഗ വിലോച്ചനനായീ... അതിലേറെ മോഹിതനായീ ...

ദീപു പറഞ്ഞു...

ഷിബൂ.. അദ്യപ്രേമം നന്നായി അവതരിപ്പിച്ചു.